Posted on നവംബര്‍ 11, 2007 by സുജിത് ഭക്തന്
പത്തനംതിട്ടയുടെ അഭിമാനമാണ് വാസ്തു വിദ്യാഗുരുകുലമെന്നു പറയാം. പുതിയലോക ക്രമങ്ങളുടെ യാന്ത്രികതകള്‍ക്കിടയിലും പഴയ സം-സ്കാരത്തിന്റെ തിരുശേഷിപ്പുകള്‍ തേടുകയും അന്യം നിന്നു പോയേക്കാമായിരുന്ന കേരളീയ വാസ്തുശാസ്ത്രവിധികളെ സംരക്ഷിക്കുവാനും പരിപോക്ഷിപ്പിക്കുവാനുമായി ഫ്രഞ്ച് വനിതയായ ശ്രീമതി ലൂബാ ഷീല്‍ഡിന്റെയും ശ്രീ. പി.എന്‍ സുരേഷ് എന്ന സര്‍ഗ്ഗധനന്റെയും മനസ്സില്‍ രൂപമെടുക്കുകയും വികസിക്കുകയും ചെയ്ത ആശയത്തിന്റെ സാക്ഷാത്കാരമാണ് ആറന്മുള വാസ്തുവിദ്യാഗുരുകുലവും മ്യൂറല്‍ ആര്‍ട്ട് ഗ്യാലറിയും. പാരമ്പര്യ നിര്‍മ്മാണ രീതികളെക്കുറിച്ച് ശ്രീ കാണിപ്പയ്യൂര്‍ കൃഷ്ണന്‍ നമ്പൂതിരി നേത്രുത്വം നല്‍കുന്ന വാസ്തു ശാസ്ത്രവിശാരദന്മാര്‍ ഇവിടെ ക്ലാസ്സുകള്‍ നടത്തുന്നു. കേരളാ സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പാ സ്ഥാപനമാണിത്.
വാസ്തുവിദ്യയുടേയും അനുബന്ധ വിഷയങ്ങളുടെയും പ്രചാരണത്തിനും സംരക്ഷണത്തിനുമായി കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആറന്മുളയിലെ വാസ്തുവിദ്യാഗുരുകുലം.
1993 ല്‍ സ്ഥാപിതമായ ഗുരുകുലത്തോടനുബന്ധിച്ച് ഒരു ചുവര്‍ചിത്ര ഗ്യാലറിയുമുണ്ട്.
കോഴ്സുകള്‍
ഡിപ്ലോമ ഇന്‍ ട്രെഡീഷനല്‍ ആര്‍ക്കിടെക്ചര്‍: വിദൂര പഠന സമ്പ്രദായത്തിലുള്ള ഈ ഏകവത്സര കോഴ്സില്‍ ഏതെങ്കിലും വിഷയത്തില്‍ അംഗീക്രിത സര്‍വ്വകലാശാലാ ബിരുധമുള്ളവര്‍ക്കു ചേരാം. 30 പേര്‍ക്കാണ് പ്രവേശനം. വാസ്തുവിദ്യയുടെ ആധാര ഗ്രന്തങ്ങള്‍ അടിസ്ഥാനമാക്കി രൂപകല്‍പ്പന ചെയ്തതാണ് സിലബസ്. നാലു തീയറിപേപ്പറും ഒരു പ്രായോഗിക പരീക്ഷയുമാണ് ഉണ്ടാവുക. 15 കോണ്ടാക്ട് ക്ലാസ്സുകളും ഉണ്ടാകും.
സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍: വിശ്വകര്‍മ്മ സമുദായത്തില്‍പ്പെട്ട എസ്.എസ്.എല്‍സി പാസ്സായവര്‍ക്ക് വേണ്ടിയുള്ള കോഴ്സാണിത്. ദൈര്‍ഘ്യം: ഒരു വര്‍ഷം, സീറ്റുകള്‍: 20, പ്രായ പരിധി: 30 വയസ്സ്, റഗുലര്‍ ക്ലാസ്സുകളുണ്ടാകും, ഫീസ് 2000 രൂപ.
ചുമര്‍ചിത്ര രചനാ കോഴ്സ്: രണ്ടു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന് എസ്.എസ്.എല്‍.സിയാണ് യോഗ്യത. റഗുലര്‍ ക്ലാസ്സുണ്ടാവും. ഫീസ് 1200 രൂപ.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷനല്‍ ആര്‍ക്കിടെക്ചര്‍: എം. ജി സര്‍വ്വകലാശാലയുടെ അംഗീകാരമുള്ള ഈ കോഴ്സിന്റെ കാലാവധി ഒരു വര്‍ഷമാണ്. സിവില്‍ ആര്‍ക്കിടെക്ചര്‍ ബിരുദധാരികള്‍ക്കാണ് പ്രവേശനം. പരീക്ഷ ഇന്റര്‍വ്യൂ എന്നിവയാണ് മാനദണ്ഡങ്ങള്‍. മാസത്തില്‍ 8 ദിവസം വീതം ക്ലാസുണ്ടാവും. ഫീസ് 6000 രൂപ. സീറ്റുകള്‍:20
വിലാസം:
എക്സിക്യുട്ടീവ് ഡയറക്ടര്‍,
വാസ്തുവിദ്യാഗുരുകുലം,
ആറന്മുള-689 533,
പത്തനംതിട്ട ജില്ല.
എങ്ങനെ എത്താം: ചെങ്ങന്നൂരും കോഴന്‍ചേരിയുമാണ് ആറന്മുളയ്ക്കടുത്തുള്ള പട്ടണങ്ങള്‍. തെക്കു നിന്നായാലും വടക്കുനിന്നായാലും ട്രെയിനിലെത്തേണ്ടവര്‍ ഇറങ്ങേണ്ടത് ചെങ്ങന്നൂരില്‍. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍- നിന്നു തന്നെ കെ.എസ്.ആര്‍.ടി.സി ബസ്സ് കിട്ടും. പത്തനംതിട്ടയിലേക്കു പോകുന്ന കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ആറന്മുള വഴിയാണ് പോകുന്നത്. ആറന്മുളയിലേക്കു 10 കി.മീറ്റര്‍ മാത്രം. മാവേലിക്കര കോഴന്‍-ചേരി പാതയിലെ ഈ റോഡ് ഇന്ന് കേരളത്തിലെ ഏറ്റവും സഞ്ചാരയോഗ്യമായ റോഡുകളിലൊന്നാണ്. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡും റെയില്‍വേ സ്റ്റേഷനു മുന്നില്‍ തന്നെ.
Filed under: ആറന്മുള, പത്തനംതിട്ട | Leave a Comment »
Posted on സെപ്റ്റംബര്‍ 1, 2007 by സുജിത് ഭക്തന്
Posted on ഓഗസ്റ്റ് 31, 2007 by സുജിത് ഭക്തന്
പമ്പയുടെ തീരങ്ങള്‍ ഇന്നലെ ഉത്സവ ലഹരിയിലായിരുന്നു. ഇന്നലെ നടന്ന ആറന്മുള ഉത്രട്ടാതി ജലമേളയില്‍ എ ബാച്ചില്‍ മേലുകരയും ബി ബാച്ചില്‍ കോറ്റാത്തൂരും ആണു വിജയിച്ചത്. തുടര്‍ച്ചയായി ഇതു രണ്ടാം തവണയാണു മേലുകര ജേതാവാകുന്നത്.

ഇടശ്ശേരിമലയും ഇടയാറന്മുളയോടൊപ്പം മത്സരിച്ച മേലുകര ഒരു വള്ളപ്പാടു മുന്നില്‍ തുഴഞ്ഞെത്തിയാണു വിജയിച്ചത്.
ഇന്നലെ നടന്ന ജലമേളയില്‍ മാരാമണ്‍ പള്ളിയോടത്തില്‍ നിന്നുമുള്ള രണ്ടുപേരേ കാണാതായിട്ടുണ്ട്. ജലഘോഷയാത്ര കഴിഞ്ഞ് മുകളില്‍ സ്റ്റാര്‍ട്ടിംഗ് പോയിന്റിലേക്കു തുഴഞ്ഞു പോകവേ വള്ളം മറിഞ്ഞിരുന്നു. അപ്പോള്‍ ഒഴുക്കില്‍പ്പെട്ടതാണെന്നാണു കരുതുന്നത്. ഇന്നലെ രാത്രി വൈകിയും തിരച്ചില്‍ നടക്കുന്നുണ്ടായിരുന്നു.
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 29, 2007 by സുജിത് ഭക്തന്
അരനൂറ്റാണ്ടുമുന്‍പ് കോട്ടയം താഴഥങ്ങാടിയില്‍ ഒരു ബ്രാഹ്മണ കുടുംഭത്തില്‍ നിന്നും വാങ്ങിയ പള്ളിയോടമാണു കടപ്ര. 18 ആം നമ്പര്‍ ചാക്കമാര്‍ കരയോഗത്തിന്റെ ഉടമസ്ത്ഥതയിലാണു പള്ളിയോടം. ആറുമുള കെട്ടിയ ചങ്ങാടത്തില്‍ ഭഗവാനെ ആറന്മുളയില്‍ എത്തിച്ചത് ചാക്കമാര്‍ ആണെന്നാണു ഐതീഹ്യം. 1958 ല്‍ പുതുക്കി പണിത് ആറന്മുള ജലഘോഷയാത്രയില്‍ പങ്കെടുത്തു.
1973 ല്‍ പുതുക്കി പണിത പള്ളിയോടം ആ വര്‍ഷം ബി ബാച്ചില്‍ രണ്ടാം സ്ഥാനം നേടി. 1974 ല്‍ മന്നംട്രോഫി ഏര്‍പ്പെടുത്തിയ വര്‍ഷം തന്നെ
ഒന്നാം സ്ഥാനത്തെത്തി. 1975,77 വര്‍ഷങ്ങളിലും മന്നംട്രോഫി നേടി.
നാല്‍പ്പത്തിനാലേകാല്‍ കോള്‍ നീളം ഉണ്ട്.
കൊച്ചിയിലും പുന്നമടക്കായലിലും പങ്കെടുത്തിട്ടുള്ള പള്ളിയോടം 2001 ല്‍ പത്തുലക്ഷത്തോളം രൂപ ചിലവഴിച്ച് പുതുക്കി. 100 പേര്‍ക്കു കയറാവുന്ന പള്ളിയോടമാണിത്.
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 29, 2007 by സുജിത് ഭക്തന്
ആറന്മുള ജലമേളയുടെ തുടക്കം മുതലേ പങ്കെടുത്തു വരുന്ന പള്ളിയോടങ്ങളില്‍ ഒന്നാണു മാലക്കര. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം 1994 ല്‍ പള്ളിയോട പെരുന്തച്ചന്‍ ചങ്ങംകരി തങ്കപ്പനാചാരിയുടെ നേത്രുത്വത്തില്‍ പുതിയ പള്ളിയോടം പണിതു. 1940 ല്‍ മാലക്കരയില്‍ 2 പള്ളിയോടങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരെണ്ണം പള്ളിപാടുകാര്‍ക്കു വിറ്റു. മറ്റേതു കാലപ്പഴക്കത്തില്‍ ജീര്‍ണ്ണിച്ചുപോയി.

ജലമേളയില്‍ പങ്കെടുക്കുന്ന ഏറ്റവും നീളം കൂടിയ പള്ളിയോടമാണിത്.
നാല്‍പ്പത്തിയേഴേമുക്കാല്‍ കോള്‍ നീളവും 60 അംഗുലം ഉടമയുമുണ്ട്. എ ബാച്ചില്‍പ്പെടുന്ന പള്ളിയോടത്തില്‍ 120 പേര്‍ക്കു കയറാം.
ഇന്ത്യന്‍ വൈസ്രോയ് ആയിരുന്ന ഇര്‍വിന്‍ പ്രഭു തിരുവിതാംകൂര്‍ സന്ദര്‍ശിച്ചപ്പോള്‍ അഷ്ടമുടിക്കായലില്‍ ഒരുക്കിയ വള്ളംകളിയില്‍ പങ്കെടുത്ത നാലുപള്ളിയോടങ്ങളില്‍ ഒന്നാണു മാലക്കര. 1979 ല്‍ മന്നംട്രോഫി നേടിയിട്ടുണ്ട്. മാലക്കര 230 ആം നമ്പര്‍ എന്‍ എസ് എസ് കരയോഗം ഉടമസ്ഥതയിലാണു പള്ളിയോടം.
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 26, 2007 by സുജിത് ഭക്തന്
വള്ളംകളിക്കു 3 ദിവസംമാത്രം ബാക്കിയുള്ളപ്പോള്‍ വഞ്ചിപ്പാട്ടിന്റേയും വായ്ക്കുരവയുടേയും ആഹ്ലാദാരവങ്ങളോടെ പുന്നംതോട്ടം പള്ളിയോടം നീരണിഞ്ഞു. പമ്പയുടെ കുളിരിലേക്കു നനഞ്ഞിറങ്ങി.
മുഖ്യ ശില്‍പ്പി ചങ്ങംകരി വേണു ആചാരി ആദ്യം പള്ളിയോടത്തില്‍ കയറി. തുടര്‍ന്നു കരക്കാരും കയറിയ പള്ളിയോടം ആറന്മുളയില്‍ ദര്‍ശനം നടത്തി.

പൊതുസമ്മേളനം മന്ത്രി മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു.
18 ലക്ഷം രൂപ ചെലവഴിച്ചാണു പുതിയ പള്ളിയോടം പണികഴിപ്പിച്ചത്.
പള്ളിയോട ശില്‍പ്പി ചങ്ങംകരി വേണു ആചാരി തനിയേ നിര്‍മ്മിക്കുന്ന പത്താമതു പള്ളിയോടമാണിത്. പഴയ പള്ളിയോടം മട്ടാഞ്ചേരി ഹെറിറ്റേജ് മ്യൂസിയത്തിനു വിറ്റിട്ടാണു പുതിയത് പണികഴിപ്പിച്ചത്.
എ ബാച്ചില്‍ പെട്ട പള്ളിയോടത്തിനു നാല്‍പ്പത്തിയേഴര കോള്‍ നീളവും 64 അംഗുലം ഉടമയുമുണ്ട്. അമരത്തിനു ഇരുപതടി ഉയരമുണ്ട്.
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 26, 2007 by സുജിത് ഭക്തന്
Posted on ഓഗസ്റ്റ് 26, 2007 by സുജിത് ഭക്തന്
പമ്പയെ പുളകച്ചാര്‍ത്ത് അണിയിക്കുന്ന ജലോത്സവത്തിന്‍ വളരെയധികം വ്യത്യാസങ്ങളും പ്രത്യേകതകളും അവകാശപ്പെടാനുണ്ട്. ഈ പ്രത്യേകതകളാണു. ആറന്മുള വള്ളംകളിയെ ലോകത്ത് മറ്റേതു മേളകളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്.
ഉത്രിട്ടാതി ജലോത്സവം ഒരു അനുഷ്ത്താനമാണു. കായികാഭ്യാസമാണു. സാഹിത്യാധിഷ്ത്തിതമാണു. ഭക്തിയുടേയും കലയുടേയും ഒരപൂര്‍വ്വ സങ്കലനം കൂടിയാണു. ഈ 5 ഘടകങ്ങള്‍ ഒത്തു ചേരുന്നത് ഉത്രിട്ടാതി ജലോത്സവം അല്ലാതെ മറ്റൊന്നില്ല എന്നുതന്നെ പറയാം. ഇവിടെയാണു ജലമേള ലോകശ്രദ്ധ അര്‍ഹിക്കുന്നത്.
പമ്പാനദീതട സംസ്കാരത്തിന്റെ പ്രഘോഷണമാണു ജലമേള. ആറന്മുള ക്ഷേത്രം കേന്ദ്രീകരിച്ചു നൂറ്റാണ്ടുകളായി നിലനിന്നിരുന്ന സാംസ്കാരിക പൈത്രികത്തിന്റെ ആഘോഷം കൂടിയാണു ഈ വള്ളംകളി. ഓരോ വര്‍ഷത്തെ ജലമേളയും പമ്പാനദിക്കരയിലെ ഈ സാംസ്കാരിക പൈത്രികം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനു സഹായകമാകുന്നു.
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 26, 2007 by സുജിത് ഭക്തന്
ഭക്തിയുടെ നിറവും അനുഷ്ത്താനത്തിന്റെ ചിട്ടയുമാണു ഉത്രിട്ടാതി ജലമേളയ്ക്ക്. ഭക്തിയും പാരമ്പര്യവും ഇഴചേര്‍ന്ന ആറന്മുള ജലമേള സാംസ്കാരിക കേരളത്തിന്റെ മുഖചിത്രമാണു.

ആറന്മുളയെ സംബന്ധിച്ചിടത്തോളം പ്രതിഷ്ത്താദിനത്തിന്റെ ഓര്‍മ്മയ്ക്കായി നടത്തുന്ന ജലോത്സവം കലാകായിക ലോകത്തിനു അദ്ഭുതപരമായ ഒരു കലാവിരുന്നാണു. ശക്തിയേറിയ ഒരു പോരാട്ടത്തിന്റെ കാവ്യഭംഗിക്ക് നിറപ്പകിട്ടേകി വര്‍ഷം തോറും ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി ആറന്മുള ജലഘോഷയാത്ര നടന്നുവരുന്നു.
ഉത്രിട്ടാതി ദിനത്തിലെ വള്ളംകളി പ്രേക്ഷകലക്ഷങ്ങളെ ആനന്ദാഹ്ലാദത്തിലാറടിക്കുന്ന ഒരു ഉത്തമ കലാസൃഷ്ടിയാണു. ജലമേളയുടെ മനോഹാരിതയും പ്രസിദ്ധിയും ഉള്ള ഒരു കലാവിരുന്ന് മേറ്റ്ങ്ങും തന്നെയില്ല.
ജലമേളയ്ക്കിനി 3 ദിവസം കൂടി ബാക്കി നില്‍ക്കവേ വഞ്ചിപ്പാട്ടിന്റെ ആവേശത്തിലാണു പമ്പാതീരവും ആറന്മുളയുടെ പരിസരത്തെ ഓരോ കൊച്ചു കുട്ടികള്‍ വരെ.
ഉത്രിട്ടാതി നാളില്‍ പമ്പാനദിയില്‍ മല്ലപ്പുഴശ്ശേരി നിക്ഷേപമാലി കടവു മുതല്‍ സത്രക്കടവു വരെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ പമ്പയുടെ ഇരുവശത്തുമായി വള്ളംകളി പ്രേമികള്‍ വിദേശികള്‍ ഉള്‍പ്പെടെ സ്ഥാനം പിടിക്കുന്നു.
പമ്പയുടെ പരിശുദ്ധിയിലൂടെ താളവും പാട്ടും കൈകൊര്‍ക്കുന്ന അപൂര്‍വ്വ അനുഭൂതിയാണു ഇവിടെ.
Filed under: ആറന്മുള | Leave a Comment »
Posted on ഓഗസ്റ്റ് 5, 2007 by സുജിത് ഭക്തന്
സമൃദ്ധി നിറഞ്ഞ സ്മരണകളുമായി വീണ്ടും ഒരോണം എത്തിക്കഴിഞ്ഞു. തിരുവാറന്മുള ജലമേളയില്ലാത്ത ഓണം ഒരിക്കലുമുണ്ടായിട്ടില്ല. വിളവെടുപ്പിന്റെ സമൃദ്ധി ഇന്ന് അവകാശപ്പെടുവാന്‍ കഴിയില്ലെങ്കിലും ഓണം മലയാളിക്കു ഒരുതരത്തിലും ഒഴിച്ചുനിര്‍ത്താന്‍ കഴിയാത്ത ആഘോഷമാണു.
ജലമേളകളുടെ നാടാണു മധ്യതിരുവിതാംകൂര്‍. ചെറുതും വലുതുമായി നിരവധി ജലമേളകള്‍ നമ്മുടെ നദികളില്‍ നടക്കുന്നുണ്ട്. അവയില്‍ ആറന്മുള ജലോത്സവത്തിനു പ്രത്യേക സ്ഥാനവും ഒട്ടേറെ പ്രാധാന്യങ്ങളുമുണ്ട്. ഭക്തിയും വിശ്വാസവും ആചാരപരമായ പ്രത്യേകതകളും സമന്വയിക്കുന്ന തിരുവാറന്മുളയപ്പന്റെ ജലോത്സവം ഒരു മത്സരവള്ളംകളിയായല്ല വിവക്ഷിക്കപ്പെടുന്നത്. ഈ ജലോത്സവം നമ്മില്‍ ഭഗവത്ദര്‍ശനത്തിന്റെ പുണ്യമാണു പകരുന്നത്. ഒരു കോട്ടവും തട്ടാതെ ഈ പൈഹ്രുകസമ്പത്ത് നിലനിര്‍ത്താന്‍ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരായിരിക്കണം.ആറന്മുള ഭഗവാന്‍ പാര്‍ത്ഥസാരഥിയുടെ പള്ളിയോടങ്ങള്‍ ഓണത്തനിമയുടെ കാഴ്ചകളിലെ അവിഭാജ്യ ഘടകമാണു.
ഭക്തിപൂര്‍വ്വമായി ദര്‍ശനപുണ്യ്യം പകര്‍ന്നു നടത്തുന്ന ഉത്രിട്ടാതി ജലോത്സവം ഈ വര്‍ഷം ആഗത് 30 നു നടക്കും. ലോകത്തെവിടെയുമില്ലാത്ത അപൂര്‍വ്വ കേരളീയവിദ്യയുടെ അദ്ഭുതപ്രകടനമാണു തിരുവാറന്മുള പള്ളിയോടങ്ങളുടേത്. ബ്ലോഗ്ശ്രീയുടേ എല്ലാ വിധ ഭാവുകങ്ങളും നേര്‍ന്നു കൊള്ളുന്നു.
Filed under: ആറന്മുള | 3 അഭിപ്രായങ്ങള്‍ »